Thursday, January 19, 2012

ടെറാഫില്‍ ടെക്നോളജി ശില്‍പശാല

ജലവിഭവ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് കപ്പാസിറ്റി ഡവലപ്പമെന്റ് യൂണിറ്റിന്റെ (സി.സി.ഡി.യു) ആഭിമുഖ്യത്തില്‍ സംസ്ഥാനതല ഏകദിന ശില്‍പശാല തൈക്കാട് ഗവണ്‍മെന്റ് ഗസ്റ് ഹൌസില്‍ നടന്നു. ഭൂവനേശ്വറിലെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മിനറല്‍സ് ആന്റ് മെറ്റീരിയല്‍സ് ടെക്നോളജി വികസിപ്പിച്ചെടുത്ത ടെറാഫില്‍ ടെക്നോളജി എന്ന ചെലവു കുറഞ്ഞതും ജലശുദ്ധീകരണത്തിന് ഏറ്റവും ഫലപ്രദവുമായ സാങ്കേതിക വിദ്യ സംസ്ഥാനത്ത് പ്രചരിപ്പിക്കുന്നതിനുളള ആദ്യ ചുവടുവെയ്പ്പാണ് ശില്‍പശാല. ജലവിഭവ വകുപ്പിന്റെ കീഴിലുളള വിവിധ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നുളള ഉദ്യോഗസ്ഥ പ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് സംവിധാനങ്ങളില്‍ നിന്നുളള ജനപ്രതിനിധികള്‍, അധ്യാപക പ്രതിനിധികള്‍, എന്‍.ജി.ഒ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത സംസ്ഥാനതല ശില്‍പശാല. ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ്, ഉദ്ഘാടനം ചെയ്തു. ഈ സാങ്കേതിക വിദ്യയുടെ പ്രധാന്യം കണക്കിലെടുത്ത് കേരളത്തിലുടനീളം ഇത് പ്രചരിപ്പിക്കുന്നതിനും ഗാര്‍ഹിക അടിസ്ഥാനത്തിലും ജലവിതരണ പദ്ധതികളിലും ജലശുദ്ധീകരണത്തിന് ലളിതവും ചെലവുചുരുങ്ങിയതുമായ ഈ സാങ്കേതിക വിദ്യ ഉപയുക്തമാക്കുന്നതിനുമുളള ഉത്തരവാദിത്തം കേരള വാട്ടര്‍ അതോറിറ്റി, കെ.ആര്‍.ഡബ്ള്യൂ.എസ്.എ, സി.സി.ഡി.യു തുടങ്ങിയ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുന്നതായി മന്ത്രി അറിയിച്ചു. ലളിതവും ചെലവുചുരുങ്ങിയതുമായ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ശുദ്ധമായ ജലം ജനങ്ങള്‍ക്ക് ലഭ്യമാക്കാമെന്ന് മനസ്സിലാക്കുകയും അതിനുനേതൃത്വം നല്‍കുകയും ചെയ്ത ഐ.എം.എം.ടി ഭുവനേശ്വര്‍ ചീഫ് സയന്റിസ്റ് സുരേന്ദ്ര ഹുണ്ഡിയയെ മന്ത്രി അനുമോദിച്ചു. സി.സി.ഡി.യു പുതുതായി ആരംഭിച്ച പദ്ധതിയായ ബി.പി.എല്‍ കുടുംബങ്ങള്‍ക്കുളള സൌജന്യ ജലഗുണനിലവാര പരിശോധന സഹായത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. കെ.ആര്‍.ഡബ്ള്യൂ.എസ്.എ ഡപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രണബ്ജ്യോതിനാഥ് സി.സി.ഡി.യുവിന്റെ പുതിയ വെബ്സൈറ്റായ www.ccdukerala.org യുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കെ.ഡബ്ള്യൂ.എ ടെക്നിക്കല്‍ മെമ്പര്‍ സൂസണ്‍ ജേക്കബ്, ഹെല്‍ത്ത് സര്‍വ്വീസസ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.ജഗദീഷ്, ഗ്രൌണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ എം.ആര്‍.രമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

No comments: