Thursday, January 19, 2012

ഡിജിറ്റല്‍ സ്പേസ് ലൈബ്രറി: എറണാകുളം രാജ്യത്തിന് മാതൃക കേന്ദ്രമന്ത്രി ഡോ. ഡി. പുരന്ദേശ്വരി

എറണാകുളം ജില്ലയിലെ കോളേജുകളില്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സ്പേസ് ലൈബ്രറി രാജ്യത്തിനാകെ മാതൃകയാണെന്ന് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഡോ. ഡി. പുരന്ദേശ്വരി. വിജ്ഞാന സമാഹരണത്തിനുള്ള ആധുനിക മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥി സമൂഹം മുന്നോട്ടു വരണമെന്നും മന്ത്രി നിര്‍ദേശിച്ചു. കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസിന്റെ എം.പി ഫണ്ട് ഉപയോഗിച്ച് എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജില്‍ നടപ്പാക്കിയ ഡി സ്പേസ് ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡോ. പുരന്ദേശ്വരി. വിദ്യാര്‍ഥികളെ ആഗോളപൌരന്‍മാരാക്കി വളര്‍ത്തുകയെന്ന വിശാലലക്ഷ്യമാണ് ഡിജിറ്റല്‍ ലൈബ്രറികള്‍ നിറവേറ്റുക. വിവിധ മാധ്യമങ്ങളുടെ ഏകോപനം സാധ്യമാക്കുന്ന ഇത്തരം ലൈബ്രറികള്‍ മുന്നോട്ടുവയ്ക്കുന്നത് അനന്തമായ സാധ്യതകളാണ്. ബൌദ്ധികസ്വത്തവകാശം, പകര്‍പ്പവകാശം തുടങ്ങിയവ ഡിജിറ്റല്‍ ലൈബ്രറികള്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയോടും ഡിജിറ്റല്‍ ലൈബ്രറികള്‍ പൊരുത്തപ്പെടേണ്ടതുണ്ട്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാര്‍വത്രികമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപയാണ് ചെലവിടുന്നത്. ഇത് ഗുണപരമായി വിനിയോഗിക്കേണ്ടത് വിദ്യാര്‍ഥിസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. രാഷ്ട്ര വികസനത്തിന്റെയും സമൂഹത്തിന്റെയും വിവിധ മേഖലകളില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ കഴിയുന്നവരായി വിദ്യാര്‍ഥികള്‍ ഉയര്‍ന്നു വരണം. വികസനത്തിന്റെ തുരുത്തുകളെ ബന്ധിപ്പിച്ച് സമഗ്രവളര്‍ച്ച സാധ്യമാക്കുന്നവരെയാണ് രാഷ്ട്രം തേടുന്നത്. ആശയങ്ങള്‍ അവസരങ്ങളാക്കി മാറ്റി വികസനത്തിന്റെ പുതിയ മേഖലകളിലേക്ക് രാജ്യത്തെ നയിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ഉദാഹരണമാണ് ഡിജിറ്റല്‍ ലൈബ്രറിയെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. സ്ളേറ്റില്‍ നിന്നും ഐ പാഡുകളിലേക്കും ടാബ്ലറ്റ് കംപ്യൂട്ടറുകളിലേക്കും ഇന്നത്തെ വിദ്യാര്‍ഥികള്‍ വളര്‍ന്നിരിക്കുന്നു. ആധുനിക സാങ്കേതികവിദ്യ എളുപ്പത്തില്‍ വഴങ്ങുന്നത് അവര്‍ക്കാണ്. അതിനുള്ള അവസരങ്ങള്‍ വിദ്യാലയങ്ങളില്‍ ഉണ്ടാകണം. എറണാകുളം ജില്ലയിലെ മറ്റ് കോളേജുകളിലും ഡിജിറ്റല്‍ സ്പേസ് ലൈബ്രറികള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മേയര്‍ ടോണി ചമ്മിണി അധ്യക്ഷനായിരുന്നു. കോളേജ് മാനേജരും വരാപ്പുഴ അതിരൂപത വൈസ് ചാന്‍സലറുമായ ഡോ. ക്ളമന്റ് വള്ളുവശ്ശേരി, വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന്റെ സന്ദേശം വായിച്ചു. ഹൈബി ഈഡന്‍ എം.എല്‍.എ, ഡിജിറ്റല്‍ സ്പേസ് പദ്ധതി നടപ്പാക്കുന്ന കെല്‍ട്രോണിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ജിപ്സണ്‍ കുര്യന്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ജോസഫ് ആഞ്ഞിപ്പറമ്പില്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വിശാല്‍.ടി.വിജയന്‍, പ്രിന്‍സിപ്പല്‍ പ്രൊഫ. ടി.പി. റോബര്‍ട്ട് സ്റാന്‍ലി, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഹാരി ക്ളീറ്റസ് എന്നിവര്‍ സംസാരിച്ചു. കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി. തോമസിന്റെ എം.പി ഫണ്ടില്‍ നിന്നുള്ള 45 ലക്ഷം രൂപ വിനിയോഗിച്ച് തൃക്കാക്കര ഭാരത് മാത, എറണാകുളം സെന്റ് ആല്‍ബര്‍ട്സ്, സെന്റ് തെരേസാസ്, തേവര സേക്രഡ് ഹാര്‍ട്ട്, തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ് എന്നീ കലാലയങ്ങളാണ് പൈലറ്റ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ജില്ലാ പ്ളാനിങ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കെല്‍ട്രോണിനാണ് നിര്‍വഹണച്ചുമതല.

No comments: