Thursday, January 19, 2012

ആശുപത്രികളില്‍ മലിനീകരണ നിയന്ത്രണ സംവിധാനം : നിയമാനുസൃത നടപടി സ്വീകരിക്കും

നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ പരിധിയില്‍ ആശുപത്രികള്‍ ഉള്‍പ്പെടുന്നുവെന്ന് പരിസ്ഥിതി വകുപ്പ് വ്യക്തമാക്കി. മലിനീകരണ സാദ്ധ്യത കണക്കിലെടുത്ത് ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമായ ചുവപ്പ് വിഭാഗത്തിലാണ് ആശുപത്രികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച് നിയമസഭയുടെ പരിസ്ഥിതി സമിതിയും ദ്രവമാലിന്യങ്ങള്‍ സംസ്കരിക്കുന്നത് സംബന്ധിച്ച് എസ്റിമേറ്റ് കമ്മിറ്റിയും ബയോ മെഡിക്കല്‍ മാലിന്യം സംബന്ധിച്ച് പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിയും പ്രത്യേക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഖര, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ക്ക് നിലവില്‍ പരിഹാരം ഉണ്ടാക്കാനായിട്ടുണ്ട്. എന്നാല്‍ ദ്രവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതില്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ട്. ശാസ്ത്രീയ മാലിന്യ സംസ്കരണ ഉപാധികള്‍ ഇല്ലാതെ ആശുപത്രികള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രവര്‍ത്തനാനുമതി നല്‍കിയതിനെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിയുടെ (2006- 08) 58-ാമത് റിപ്പോര്‍ട്ടില്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ബയോമെഡിക്കല്‍ മാലിന്യങ്ങളും ആശുപത്രികളിലെ ദ്രവമാലിന്യങ്ങളും പൊതുജനാരോഗ്യത്തിന് ഭീഷണിയാണ്. ചുവപ്പ് വിഭാഗത്തില്‍പ്പെട്ട മലിനീകരണം ഉണ്ടാക്കുന്നത് ആശുപത്രി ആയാല്‍പോലും നടപടിയെടുക്കാതിരിക്കുന്നത് നിയമാനുസൃതമല്ല. അതിനാല്‍ ആശുപത്രി മാലിന്യ സംസ്കരണത്തില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും പ്രത്യേകിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആതീവ ജാഗ്രത പുലര്‍ത്തണമെന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ആശുപത്രി മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നടപടികള്‍ വിട്ടുവീഴ്ചകൂടാതെ സ്വീകരിക്കണമെന്നും പ്രവര്‍ത്തന അനുമതി നല്‍കിയിട്ടുള്ള ആശുപത്രികളില്‍ മലിനീകരണ നിയന്ത്രണ നടപടികള്‍ നിയമാനുസൃതമായി നടക്കുന്നുണ്ടെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉറപ്പാക്കണമെന്നും പരിസ്ഥിതി വകുപ്പ് ഉത്തരവായി.

No comments: