Thursday, January 19, 2012

നിയമസഭയില്‍ നല്‍കുന്ന ഉറപ്പുകള്‍ പാലിക്കപ്പെടാന്‍ സംവിധാനം: മുഖ്യമന്ത്രി

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും ബജറ്റ് പ്രസംഗത്തിലും പറയുന്ന കാര്യങ്ങളില്‍ നടപ്പിലാക്കാത്തവ കണ്ടെത്തി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി അവ നടപ്പാക്കാന്‍ വേണ്ട സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭയില്‍ നല്‍കുന്ന ഉറപ്പുകളില്‍ സത്വര നടപടികള്‍ സ്വീകരിക്കുന്നതിനായി സ്ഥാപിച്ച കമ്പ്യൂട്ടര്‍വത്കൃത അഷ്വറന്‍സ് ഇംപ്ളിമെന്റേഷന്‍ ഡസ്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോട നിയമസഭയില്‍ നല്‍കുന്ന ഉറപ്പുകള്‍ ജനങ്ങള്‍ക്ക് അവലോകനം ചെയ്യാനും അവ നടപ്പായില്ലെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കാനുമുള്ള സംവിധാനം തയാറാക്കും. ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ ഭരണസംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ നല്‍കുന്ന ഉറപ്പുകള്‍ വേണ്ടത്ര ഗൌരവത്തോടെയല്ല പലപ്പോഴും ബന്ധപ്പെട്ട വകുപ്പുകള്‍ കാണുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. ഉറപ്പുകള്‍ക്കും ശുപാര്‍ശകള്‍ക്കും മേല്‍ നടപടി സ്വീകരിച്ചാലും അത് യഥാസമയം നിയമസഭാ സമിതിയെ അറിയിക്കാത്തത് സമിതിയുടെ സുഗമമായ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 24 ലക്ഷം രൂപ ചെലവിലാണ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സിന്റെ സാങ്കേതിക സഹായത്തോടെ അഷ്വറന്‍സ് ഇംപ്ളിമെന്റേഷന്‍ ഡസ്ക് സ്ഥാപിച്ചത്. ഇന്‍ട്രാനെറ്റ് സംവിധാനത്തിലൂടെ നിയമസഭാ സെക്രട്ടറിയേറ്റിലെയും ഗവ. സെക്രട്ടറിയേറ്റിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇത് അവലോകനം ചെയ്യാന്‍ സാധിക്കും. നിയമസഭയില്‍ നല്‍കിയ 3464 ഉറപ്പുകളാണ് ഇപ്പോള്‍ ഡാറ്റാബേസില്‍ ചേര്‍ത്തിട്ടുള്ളത്. ഇതിന്റെ നടത്തിപ്പിനായി 150 ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. നിയമസഭാ സെക്രട്ടറിയേറ്റ് ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമവികസന ആസൂത്രണ സാംസ്കാരിക പി ആര്‍ ഡി മന്ത്രി കെ. സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സ്റേറ്റ് ഇന്‍ഫോര്‍മാറ്റിക്സ് ഓഫീസര്‍ ഡോ. കെ. സന്താനരാമന്‍ പദ്ധതി വിശദീകരണം നടത്തി. ഉറപ്പുകള്‍ സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയര്‍മാന്‍ വി. എസ്. സുനില്‍കുമാര്‍ എം എല്‍ എ, മുന്‍ ചെയര്‍മാന്‍ കെ. കുട്ടി അഹമ്മദ് കുട്ടി, നിയമസഭ സ്പെഷ്യല്‍ സെക്രട്ടറി പി. കെ. മുരളീധരന്‍, പാര്‍ലമെന്ററി കാര്യ വകുപ്പ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ എന്നിവര്‍ സംബന്ധിച്ചു

No comments: